തലയോലപ്പറമ്പ്: ജനകീയ പ്രക്ഷോഭം ഫലം കണ്ടു. തലയോലപറമ്പ് ബസ് സ്റ്റാൻഡിന് മുൻവശത്ത് രൂപപ്പെട്ട വൻഗർത്തങ്ങൾ അധികൃതർ ഇന്നലെ മൂടി ഇന്റർലോക്ക് കട്ടകൾ പാകി കമനീയമാക്കി. വൻ ഗർത്തങ്ങൾ അപകടങ്ങൾക്ക് ഇടയാക്കുന്നതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വൻകുഴിയിൽ കഴിഞ്ഞ ദിവസം വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ സ്റ്റാൻഡിൽ നിന്ന് പുറത്തേക്കെടുത്ത ബസ് കുഴിയിലേയ്ക്കിറങ്ങുന്നതിനിടയിൽ ബസിലേക്ക് കയറിയ വീട്ടമ്മ പിടിവിട്ട് താഴെ വീണതും സ്റ്റാൻഡിലേയ്ക്ക് വന്ന ബസ് കുഴിയിൽ ചാടിയതിനെത്തുടർന്ന് നിന്നുപോയത് പ്രധാന നിരത്തിൽ ഏതാനും മിനിട്ട് ഗതാഗതക്കുരുക്കിന് ഇടയാക്കിയതും ജനരോഷത്തിനിടയാക്കിയിരുന്നു. നിരവധി അപകടങ്ങൾ നടന്നിട്ടും സ്റ്റാൻഡിലെ കുഴികൾ അടയ്ക്കുന്നതിൽ ബന്ധപ്പെട്ടവർ അനാസ്ഥ കാട്ടുന്നത് സംബന്ധിച്ച് ദീപിക നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു.